നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

സിനിമാ നാടകനടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ – 67) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.

 

1979-ൽ റിലീസായ ഏഴു നിറങ്ങൾ ആണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. തുടർന്ന രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇരട്ടക്കുട്ടികളുടെ അച്ഛൻ ,ഗുരു, തിളക്കം, ലീല, കുട്ടൻപിള്ളയുടെ ശിവരാത്രി, തട്ടിൻപുറത്ത് അച്യുതൻ, ദി പ്രീസ്റ്റ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു. 250ഓളം സിനിമകൾക്ക് പുറമെ ടെലിഫിലിം രംഗത്തും സജീവമായിരുന്നു.

 

തിരുവനന്തപുരം വിളപ്പിൽ പേയാട് ശിവരാമ ശാസ്‌ത്രികളുടേയും കമലത്തിന്റെയും മകനാണ്.സിനിമ-സീരിയൽ താരമായ ഗിരിജയാണ് ഭാര്യ. ഹരികൃഷ്ണൻ ഏക മകൻ.

 

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ കെ ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Comment