ജോക്കർ. തിയേറ്റർ വിടുമ്പോൾ ഒരുവട്ടമെങ്കിലും നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചിരിക്കും. മാളവിക രാധാകൃഷ്ണൻ എഴുതുന്നു

ജോക്കർ. തിയേറ്റർ വിടുമ്പോൾ ഒരുവട്ടമെങ്കിലും നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചിരിക്കും. മാളവിക രാധാകൃഷ്ണൻ എഴുതുന്നു

Absolutely no spoilers!

സമൂഹത്തിന് ഒരു വിചാരമുണ്ട്. (സമൂഹം എന്ന് ഞാൻ പറയുമ്പോൾ പ്രിവിലേജുകളുടെ തഴമ്പ് തലമുറകളായി ആസനത്തിൽ പേറുന്നവർ എന്ന് തിരുത്തി വായിക്കണം ). പാർശ്വവത്കരിക്കപ്പെട്ടവർ ഒരിക്കലും ഭാഗമാകാൻ പോകുന്നില്ലാത്ത ആ സമൂഹത്തിന് ഒരു വിചാരമുണ്ട്, തങ്ങളേക്കാൾ കഴിവുകുറഞ്ഞവർക്ക്, ബുദ്ധികുറഞ്ഞവർക്ക്, ആരോഗ്യം കുറഞ്ഞവർക്ക്, സൗന്ദര്യം കുറഞ്ഞവർക്ക്, അല്ലെങ്കിൽ രോഗബാധിതരായവരോട് അവർ കാണിക്കുന്ന കരുണ എന്തോ മഹാ സംഭവം ആണെന്ന്. ആ ധാർഷ്ട്യം നന്നായി മനസ്സിലാക്കിയതുകൊണ്ടാണ് 100% ആൾട്രൂയിസ്റ്റിക്കായി ഈ ലോകത്ത് ഒന്നും തന്നെയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നതും. നിങ്ങൾക്ക് നന്മ ചെയ്യാൻ ഇഷ്ടമാണോ, അത് നിങ്ങളുടെ മുന്നിൽ നിങ്ങളുടെ സ്വന്തം പ്രതിഛായക്ക് തിളക്കം കൂട്ടാൻ വേണ്ടി മാത്രമാണ്. നിങ്ങൾ നിരത്താൻ പോവുന്ന മറ്റെല്ലാ കാരണങ്ങളും വെറും മേമ്പൊടി മാത്രമാണ്.

സിസ്റ്റം എന്നൊന്ന് ഉണ്ടല്ലോ. നമ്മളും അവരുമെല്ലാം കാലങ്ങളായി എന്തിന്റെയോ ഭാഗമാണെന്ന് നിനച്ചുവെച്ചിരിക്കുന്ന ആ ഒന്ന്. അത് കാലങ്ങളായി നാം എന്നും നമ്മളെന്നും അവരെന്നും എങ്ങിനെയാണ് തരം തിരിച്ചിട്ടുള്ളത് എന്ന് കാണണോ? എങ്കിൽ വരൂ, നമുക്കൊന്നിച്ച് ജോക്കർ ഒന്ന് പോയി കൊണ്ടുവരാം.

ഹീത്ത് ലെഡ്ജറിന്റേത് ഒരു അസാധ്യ കാരിക്കേച്ചർ ആയിരുന്നെങ്കിൽ, യാക്വീൻ ഫീനിക്സിന്റെ ജോക്കർ ജീവിക്കുന്ന, ശ്വസിക്കുന്ന, ചിന്തിക്കുന്ന, വികാരങ്ങളുള്ള നമുക്കിടയിലെ ഒരുവനാണ്. വെറുമൊരു സാധാരണക്കാരൻ. പണ്ടെപ്പോഴോ നമ്മൾ കണ്ടുകാണാൻ സാധ്യതയുള്ള അല്ലെങ്കിൽ നാളെ കണ്ടുമുട്ടാൻ പോവുന്ന ഒരുത്തൻ. അവന് അവന്റേതായ ഒരു ജീവിതമുണ്ട്, സ്വപ്നങ്ങളുണ്ട്. എല്ലാറ്റിനുമുപരി അവനവന്റേതായ വേദനകളുണ്ട്. എന്നും നമ്മെ കടന്നുപോവുന്ന ഒരപരിചിതനു വേദനകളുണ്ടാവാം എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷെ നമ്മുടെ ഏതെങ്കിലുമൊരു ചെയ്തി അവന്റെ വേദന കൂട്ടിയിരിക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? നമുക്കെവിടെയാണ് അതിനൊക്കെ സമയം അല്ലെ?

സത്യം പറയട്ടെ ആദ്യത്തെ സീനിൽ വല്ലാതെ കരച്ചിൽവന്ന ഞാൻ പടം മുഴുവൻ കണ്ടുതീർത്തത് തൊണ്ടയിൽ ഒരു വലിയ കരച്ചിലിനെ മൂടിയിട്ടിട്ടായിരുന്നു. അത് ആർതർ ഫ്ലെക്ക് എന്ന മനുഷ്യനോടുള്ള സഹാനൂഭൂതിയോ അനുകമ്പയോകൊണ്ടാവാം, അല്ലെങ്കിൽ സ്വയമെവിടെയോ എന്നെത്തന്നെ കണ്ട് എന്നോടുത്തന്നെ തോന്നിയ സിമ്പതി കൊണ്ടാവാം. സിനിമ തീർന്നു ഇത്രനേരം കഴിഞ്ഞിട്ടും ഏത് ഏതായിരുന്നു എന്ന് വേർതിരിക്കാൻ എനിക്കിപ്പോഴും കഴിഞ്ഞിട്ടില്ല.

ജീവിതത്തിൽ എല്ലാം ഉള്ളവർ “ഇല്ലായ്മ” എന്ന വസ്തുതയോട് കണ്ണടയ്ക്കുമ്പോഴാണ് സമൂഹം എന്ന സിസ്റ്റത്തിൽ പാകപ്പിഴകൾ വരിക എന്ന് നമ്മളിനി എന്നാണ് പഠിക്കുക? അനാർക്കി എന്നത് നമ്മുടെ സ്വന്തം ചെയ്തികളുടെ ബൈ പ്രോഡക്റ്റ് ആണെന്ന്? മനുഷ്യനല്ല സമൂഹം സൃഷ്ടിക്കുന്നതെന്നും, മറിച്ച് സമൂഹമാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെന്നും ഇനിയെന്നാണ് ഇനിയെന്നാണ് പ്രിവിലേജുകൾ തീർത്ത കോട്ടയ്ക്കിടയിലൂടെ ആ തലയിലേക്ക് കടക്കാൻ പോവുന്നത്?

ക്യാപിറ്റലിസം എന്ന ആശയത്തിനുനേരെ ഇത്ര ശ്കതമായി ഉയർത്തിപിടിച്ചൊരു നടുവിരൽ വളരെ വളരെ അപൂർവമായേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. അത് തന്നെയാണ് ഈ സിനിമയെ ഒരുപാട് ഒരുപാട് പ്രിയപ്പെട്ടതാക്കുന്നതും. പക്ഷെ നിർഭാഗ്യവശാൽ, ഭൂരിഭാഗം എന്നൊരു പക്ഷത്തിന് അത് മനസ്സിലാവാൻ ഈ ഒരു സിനിമയോ ഇങ്ങനെ ഒരായിരം സിനിമകളോ മതിയാവില്ല എന്നതാണ്. അതുകൊണ്ടാണല്ലോ ഒബാമയിലെത്തി എന്ന് ആശ്വസിച്ചപ്പോഴേക്കും നമ്മൾ ട്രമ്പിലേക്ക് വീണുപോയത്! എങ്കിലും ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണല്ലോ. കാലഘട്ടങ്ങളുടെ ആവശ്യകതയും. ആർതർ ഫ്ലെക്കുമാരെ സൃഷ്ടിക്കുന്ന ഉത്തരവാദിത്തം നമ്മുടേതാണ്. നമ്മുടേത് മാത്രമാണ് !

ജോക്കറിനെ നിങ്ങൾക്ക് രണ്ടായി കാണാം. യാക്വീൻ ഫീനിക്സ് എന്ന അസാധ്യ നടന്റെ ഗംഭീര പ്രകടനമായിക്കാണാം. അല്ലെങ്കിൽ മികച്ച ഒരു തിരക്കഥയുടെ അതിഗംഭീരമായ സംവിധാന നേര്കാഴ്ചയായി കാണാം. എങ്ങിനെ കണ്ടാലും, തിയേറ്റർ വിടുമ്പോൾ ഒരുവട്ടമെങ്കിലും നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചിരിക്കും. ഒരു ചിത്രത്തിന്, പ്രേക്ഷകനുകൊടുക്കാവുന്ന ഏറ്റവുംവെല്ല്യ സമ്മാനം അത് തന്നെയാണല്ലോ.

തണുപ്പ് ഏറെയുള്ള രാത്രികളിലും, ഉഷ്ണം കത്തുന്ന പകലുകളിലും ഉള്ളിൽ അലയടിക്കുന്നൊരു ഇരമ്പം ഉണ്ട്. അതിനെ നിങ്ങളെങ്ങെനെയാണ് യാക്വീൻ സ്‌ക്രീനിൽ കാണിച്ചത്? എങ്ങിനെയാണ് യാക്വീൻ താങ്കൾക്കിതിന് സാധിച്ചത്? വെള്ളിത്തിരയിലെ അമാനുഷിക പരകായ പ്രവേശനങ്ങൾക്ക് ഓരോസ്ക്കാർ കൊടുത്താൽ മതിയാവും എന്നാരാണ് തീരുമാനിച്ചത്? അതാണ്‌ പരമോന്നത ബഹുമതിയെങ്കിൽ യാക്വീൻ താങ്കളത് എപ്പോഴേ ഒരായിരംതവണ നേടിക്കഴിഞ്ഞു!

“Madness is like gravity, all it needs is a little push!”

“Some days we want to reach out to the world and save it,some other days we simply want to watch it burn!”

And JOKER my dear friends is the transition between the above two. A very subtle to and fro thing. That very thin line between madness and gravity!

There’s absolutely no punchline! You get what you deserve!

**Best watch of the year**
മാളവിക രാധാകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

*

Lost Password