ജ്യോതിക, ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, ത്യാഗരാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. പഴയൊരു തമിഴ് സിനിമാപ്പാട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ ടൈറ്റില്‍. അതുകൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ നമ്മള്‍ ചിത്രം ഒരു പക്കാ കൊമേഷ്യല്‍ ആണെന്നു കരുതും. ചിത്രം കണ്ടുകഴിഞ്ഞാല്‍ മനസിലാകും എന്തുകൊണ്ടാണ് ഈ വാക്ക് ചിത്രത്തിന്റെ തലക്കെട്ടായി മാറിയെന്ന്.
ഈ ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ തമിഴ് സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ സമ്മാനിച്ചവരാണ്. എന്നാല്‍ ജ്യോതികയേപ്പറ്റി എടുത്തു പറയേണ്ടിയിരിക്കുന്നു. ആദ്യകാലങ്ങളില്‍ ഇവര്‍ അഭിനയിച്ച ചിത്രങ്ങള്‍ നായക പ്രാധാന്യം ഉള്ളവയായിരുന്നു. എന്നിരുന്നാലും തന്റെ കഥാപാത്രങ്ങളുടെ പ്രണയവും കുസൃതിയും നിറഞ്ഞ അവതരണത്തില്‍ സ്വന്തമായ ഒരു കയ്യൊപ്പ് അതില്‍ നല്കാറുണ്ട്. എന്നാല്‍ കരിയറിലെ ഒരു ഇടവേളയ്ക്കു ശേഷം അവര്‍ തെരഞ്ഞെടുത്തതെല്ലാം പക്വത നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. അതിലൊന്നാണ് ‘പൊന്‍മകള്‍ വന്താല്‍’.
കഥയിലൂടെ കണ്ണോടിക്കുമ്പോള്‍…
ഊട്ടിയില്‍ കുറച്ചു കാലങ്ങളായി നടക്കുന്ന കുട്ടികളുടെ തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ള സൈക്കോ ജ്യോതിയെന്ന വടക്കേ ഇന്ത്യന്‍ സ്വദേശിയായ സ്ത്രീ പിടിക്കപ്പെടുന്നു. തന്റെ കുറ്റങ്ങള്‍ എല്ലാം തെളിവു സഹിതം സമ്മതിച്ച ജ്യോതി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ കയ്യാല്‍ കൊല്ലപ്പെടുന്നു. കേസ് ക്ലോസ് ചെയ്യുന്നു. 15 വര്‍ഷങ്ങള്‍ക്കിപ്പുറം വെണ്‍പ എന്ന യുവ വക്കീല്‍ തന്റെ കരിയറിലെ ആദ്യ കേസായിട്ട് എടുക്കുന്നത് ജ്യോതിയുടെ കേസാണ്. വെറും പ്രശസ്തിക്കു വേണ്ടി മാത്രം കുപ്രസിദ്ധ കേസ് റീ ഓപ്പണ്‍ ചെയ്തു എന്ന രീതിയില്‍ തുടങ്ങിയ കേസ് ആദ്യ വിചാരണയില്‍ തന്നെ കഥാഗതിയെ മാറ്റുന്നു.
പ്രമേയം ഒട്ടും പുതുമയുള്ളതല്ലാ. പെണ്‍കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, ലൈംഗിക ചൂഷണം, ഒക്കെ പറഞ്ഞു തേഞ്ഞതാണ്. പക്ഷേ കഥയുടെ അവതരണരീതിയാണ് വ്യത്യസ്തം. എല്ലാ കഥയിലും പെണ്ണിനുവേണ്ടി വാദിക്കാന്‍ വിലയേറിയ നായകനും, അല്ലെങ്കില്‍ അതോടൊപ്പം നില്‍ക്കുന്ന മറ്റൊരാള്‍. എന്നാലിവിടെ ഇരയാണ് മറ്റൊരു ഇരയ്ക്ക് വേണ്ടി, അല്ലെങ്കില്‍ തനിക്കു വേണ്ടി പോരാടുന്നത്. ഇടവേളയോടടുക്കുമ്പോള്‍ ജ്യോതികയുടെ കഥാപാത്രത്തിന്റെ വെളിപ്പെടുത്തലുകള്‍ ഹൃദയത്തെ കീറിമുറിക്കുന്ന വേദന നല്‍കും.
ചില പോരായ്മകള്‍ തോന്നിയത് ചുവടെ കൊടുക്കുന്നു.
1. ആദ്യം ഊട്ടി കാണിച്ചതിനു ശേഷം ത്യാഗരാജന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തേയും അയാളുടെ പവറിനേയും കാണിക്കുന്നു. ഇതൊരു ശരാശരി പ്രേഷകന് കഥ ഊഹിക്കാന്‍ സഹായിക്കുന്നു. അതിശക്തനും പ്രതാപിയുമായ ക്ലീഷേ വില്ലനായിപ്പോയി ത്യാഗരാജന്റെ വരദരാജന്‍.
2. പാര്‍ത്ഥിപന്റെ രാജരത്തിനം എന്ന വക്കീല്‍ ക്രിമിനല്‍ വക്കീല്‍ എന്നതിലുപരി കപടതയും വില്ലത്തരവും കാണിക്കാന്‍ കഴിവുള്ള ക്ലീഷേ വക്കീല്‍.
3. എന്തിനാണ് സത്യസന്ധനായ ജഡ്ജി അവസാനം കൈക്കൂലി വാങ്ങുന്നത്. നിയമം വിലയ്ക്കു വാങ്ങാം എന്നതിന്റെ വികലമായൊരു പ്രകടനമായി മാറിയെന്ന് തോന്നി.
4. ജ്യോതിയുടെ അറസ്റ്റ് സ്വമേധയാ ഉള്ള കീഴടങ്ങല്‍ ആയാല്‍ അതെങ്ങനെ കേസിനെ ബാധിക്കും?
ഇതെല്ലാം സംശയങ്ങള്‍ മാത്രമാണ്.
സിനിമയില്‍ എടുത്തു പറയേണ്ടത് അതിലെ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളാണ്. അതേപോലെ തന്നെ അവ പറഞ്ഞ ജ്യോതികയുടെ മുഖഭാവവും. പിന്നെ സിനിമയുടെ പശ്ചാത്തല സംഗീതം. കഥയുടെ ഗതിവിഗതികളെ ഉള്‍ക്കൊണ്ടു കൊണ്ട് മനോഹരമായി ആദ്യാവസാനം ഒരൊഴുക്കിനങ്ങു പോകുന്നു.
പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷയേപ്പറ്റി പ്രതിപാദിച്ച സിനിമ ഒരിക്കലും ഒരു പ്രത്യേക മതവിഭാഗത്തേയോ രാഷ്ര്ീയ പാര്‍ട്ടിയേയോ ചോദ്യം ചെയ്യുന്നില്ല എന്ന് പ്രത്യേകം പറയട്ടെ. മറിച്ച് മനുഷ്യത്തരഹിത പ്രവര്‍ത്തികള്‍ ചെയ്തവരേയും മനുഷ്യന്റെ ലൈംഗിക വൈകൃതങ്ങളേയുമാണ് എടുത്തു കാണിച്ചത്. സിനിമയില്‍ പുഴുവരിച്ച നായയുടെ ശരീരം അതിന്റെ ഭീകരത വെളിവാക്കുന്നു. ഇതു കൂടാതെ സൈക്കോയെന്ന് വിളിപ്പേരിട്ട് ജ്യോതിയേപ്പറ്റി തെറ്റിദ്ധാരണയുണ്ടാക്കുന്ന മാധ്യമസംസ്‌ക്കാരത്തേയും തുടക്കം മുതല്‍ ചിത്രം വിമര്‍ശിക്കുന്നുണ്ട്.
ഒരു സമ്പൂര്‍ണ്ണ സ്ത്രീപക്ഷ സിനിമയാണിത്. മകള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുന്ന പിതാവാണ് ഇതിലെ ഹീറോ. ഓരോ ഇരകള്‍ക്കും കുടുംബത്തിന്റെ പിന്തുണയും സ്‌നേഹവും ലഭിച്ചാല്‍ അവര്‍ക്ക് ഇര എന്ന ലോബല്‍ ഇല്ലാതെ സ്വന്തം പേരില്‍ ജീവിക്കാം.
നമ്മുടെ കുഞ്ഞുങ്ങള്‍ (ആണും പെണ്ണും) എക്കാലത്തും സുരക്ഷിതരരായിരിക്കട്ടെ.
Midhila Mariyat