മതങ്ങൾ കുരുതി’ കൊടുക്കുന്ന മനുഷ്യ ജീവനുകൾ

മനുഷ്യത്വം കുരുതി കൊടുക്കുന്ന മതഭ്രാന്തിൻ്റെ ഒരു രാത്രിയാണ് കുരുതി എന്ന ചിത്രം നമുക്ക് കാണിച്ചു തരുന്നത്. നിശബ്ദമായി സമൂഹത്തെ കാർന്നു തിന്നുന്ന ഭയക്കേണ്ട വലിയൊരു സത്യം തുറന്നു ചർച്ച ചെയ്യുകയാണ് കുരുതി ‘.

മനുഷ്യൻ എത്ര വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയാലും മാറാത്ത ഒന്നാണ് വിശ്വാസങ്ങൾ. ന്യൂന പക്ഷത്തിൻ്റെ നേർക്ക് നീളുന്ന അവഗണനയും ഭൂരിപക്ഷത്തിൻ്റെ ന്യായീകരണങ്ങളും, ചിത്രം തുല്യമായി പറയുന്നു. സാധാരണ മനുഷ്യൻ്റെ മനസിലെ മനുഷ്യത്വവും മത വിശ്വാസവും തമ്മിലുള്ള വടംവലിയും ചിത്രം മനോഹരമായി കാണിച്ചു തരുന്നു.
പ്രത്യേകിച്ച് ഒരു വ്യക്തിയെ അല്ലെങ്കിൽ അയാളുടെ വിശ്വാസങ്ങളെ തച്ചുടയ്ക്കാതെ വൃത്തിയായി പറയാൻ ഉദ്ദേശിച്ച കഥ സംവിധായകൻ പറഞ്ഞു കഴിഞ്ഞു.

ഒന്നുകൂടി ചിന്തിച്ചാൽ നമുക്ക് കാണാൻ കഴിയുന്നത് നമ്മുടെ പ്രിയതാരങ്ങൾ അഭിനയിച്ച കഥാപാത്രങ്ങൾ അല്ലാ, മറിച്ച് സമൂഹത്തിൻ്റെ പ്രതീകങ്ങളെയാണ്.

ആദ്യം കഥ തുടങ്ങിയ റോഷൻ മാത്യൂ അവതരിപ്പിച്ച ഇബ്രാഹിം എന്ന കഥാപാത്രമാണ്. ഇബ്രാഹിം ഒരു സാധാരണ വ്യക്തിയാണ്. തൻ്റെ മതത്തിൻ്റെ മൂല്യങ്ങൾ ഹൃദയത്തില് സൂക്ഷിക്കുകയും തൻ്റെ വ്യക്തി ജീവിത പ്രശ്നങ്ങളിൽ പോലും പരിഹാരം കണ്ടെത്താൻ കഴിയാത്ത വ്യക്തിയുമാണ്. ഒരുകാലത്ത് ഒരു ഗുണവും ഇല്ലാതിരുന്ന തൻ്റെ ബാപ്പയെ അയാളുടെ വാർദ്ധക്യ കാലത്ത് എല്ലാം മറന്നു നോക്കുന്ന നല്ല മകനാണ് ഇബ്രാഹിം. അദ്ദേഹം, സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളെ പ്രതിനിധികരിക്കുന്നു. എന്നാല് സഹോദരനായ റസൂൽ എന്ന കഥാപാത്രം, അതിൻ്റെ ഘടന വളരെ കൃത്യവും ശക്തവുമായ ഒന്നാണ്. അതുപോലെ നമ്മൾ ഭയക്കേണ്ടതും

സഹോദരനായ ഇബ്രാഹിമിനെ പോലും വക വയ്ക്കാതെ തൻ്റെ മുന്നോട്ടുള്ള ജീവിതം മാറ്റിവെച്ച്, മറ്റാരോ പറഞ്ഞു കൊടുത്ത കഥകളും, അനുഭവങ്ങളും പേറി, യാഥാർത്ഥ്യത്തിൽ നിന്നും, പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങൾ മനഃപൂർവം മറക്കുന്ന യുവാക്കളെ പ്രതിനിധാനം ചെയ്യുന്നു. ആശയങ്ങൾ ആവേശം കൊള്ളിക്കുന്ന പ്രായത്തിൻ്റെ ചൊരത്തിലപ്പ് റസൂലിലും കാണാം. പെട്ടെന്ന് മറ്റുള്ളവരുടെ വാക്കുകളിൽ വീഴുന്ന ഇത്തരം വ്യക്തികൾ മുന്നും പിന്നും നോക്കാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകളാണ്. റസൂലിൻ്റെ കഥാപാത്രം അവതരിപ്പിച്ച നൽസെൻ നൂറു ശതമാനവും നീതി പുലർത്തി. അതേ യുവാക്കളുടെ മറ്റൊരു പ്രതിബിംബം ആണ് വിഷ്ണു എന്ന കഥാപാത്രം. റസൂലിനെ പോലെ അതേ വിഭാഗത്തിൽ പെടുന്ന യുവ തലമുറയെ വിഷ്ണു കാണിച്ചു തരുന്നു. റസൂലും വിഷ്ണുവും അവരവരുടെ മത വിശ്വാസത്തിൽ ഉറച്ചു വിശ്വസിക്കുകയും മതത്തിനുവേണ്ടി മരിക്കാനും കൊല്ലാനും തയ്യാറാവുകയാണ്. വ്യത്യാസം ഒന്നും ഇല്ല.

മാമുക്കോയ അവതരിപ്പിച്ച കഥാപാത്രവും വളരെ സൂക്ഷ്മതയോടെ സൃഷ്ടിച്ചെടുത്ത താണ്. തൻ്റെ ചെറുപ്പകാലത്ത് ഒരുപാട് കൊള്ളരുതായ്മകൾ ചെയ്തിട്ട് വയസുകാലത്ത് വീമ്പു പറയുന്ന കാരണവർ. സാധാരണ സിനിമകളിൽ കാണുന്ന അപ്പൻ ഒന്നുമല്ല. തനിക്ക് ശേരിയെന്ന് തോന്നുന്ന ഒരു കാര്യവും മടി കൂടാതെ പറയുന്ന വളരെ സ്വാർത്ഥമായ അപ്പൻ. വയസുകാലത്ത് മതമോ, ജീവിത അനുഭവങ്ങളും അല്ലാ, അല്പം ഭക്ഷണം ആണ് വലുതെന്ന് പറയാതെ പറയുന്നുണ്ട്. മതതിനുവേണ്ടി യുവാക്കൾ മരിക്കാൻ തയ്യാറാകുമ്പോൾ തനിക്ക് ഭക്ഷണം തന്ന അന്യമത വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യൂ മകനെ എന്ന് പറയാനുള്ള ധൈര്യം അയാള് കാണിക്കുന്നുണ്ട്. സ്വന്തം ജീവിതം ഇഷ്ടപ്രകാരം ജീവിച്ചു തീർത്ത, പിന്നീട് പുരോഗമനം പറയുന്ന ഒരു കൂട്ടം ആളുകൾക്ക് ഉദാഹരണം ആണ് ഇയാൾ.

അടുത്തത് ശ്രിൻഡയുടെ സുമതി എന്ന കഥാപാത്രം. ഭൂരിഭാഗം എന്ന ഗണത്തിൽ ആയിട്ട് പോലും തൻ്റെ അഭിപ്രായങ്ങൾ മൂടി വെക്കേണ്ടി വന്ന, ക്ഷമയോടെ നല്ല കാലം കാത്തിരിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിൻ്റെ പ്രതിനിധി. ഒറ്റവാക്കിൽ അതാണ് ഈ കഥാപാത്രം. സഹോദരനായ പ്രേമൻ അതേ ഭൂരിഭാഗത്തിൻ്റെ താഴേക്കിഡയിലെ ജനങ്ങളെ കാണിച്ചു തരുന്നു. മുരളി ഗോപി വേഷമിട്ട പോലീസ് കഥാപാത്രം സമൂഹത്തിൻ്റെ നീതി ന്യായ വ്യവസ്ഥയെ വരച്ചു കാണിക്കുന്നു. കുറ്റം ചെയ്തവൻ മുഖം നോക്കാതെ ശിക്ഷിക്കപ്പെടണം എന്നതിൽ അടിയുറച്ച് വിശ്വസിക്കുന്ന പോലീസ്. ഒരിക്കലും തിരശ്ശീലയിൽ വരാത്ത കൂടെയുള്ള പോലീസുകാർ പ്രതിനിധികരിക്കുന്നത്, മതം, രാഷ്ട്രീയം തുടങ്ങി തങ്ങളെ എതിർക്കുന്ന ശക്തമായ എന്തിനേയും ഭയക്കുന്ന നിയമ വ്യവസ്ഥയെയാണ്. ഷൈൻ ടോം ചാക്കോ ചെയ്ത കരീം എന്ന വ്യക്തി സമൂഹത്തിലെ കപട സന്യാസികൾ, കപട മതപ്രവചകൻ, കപട രാഷ്ട്രീയക്കാർ എന്നിവരെ വരച്ചു കാട്ടുന്നു. സമാധാനത്തിൻ്റെ വാഹകർ എന്ന് പുറമേ നടിച്ചു ഉള്ളിൽ മറ്റൊന്ന് ചെയ്യുന്ന വ്യക്തിത്വം. ഇത് സത്യമല്ലേ?

മറ്റൊരു പ്രധാന കഥാപാത്രം, നമ്മുടെ പ്രിയ പൃഥ്വിരാജ് അവതരിപ്പിച്ച ലായക്. വ്യക്തിപരമായി താൻ നേരിട്ട പ്രശ്നങ്ങൾ വലുതാക്കി, പുതു തലമുറയെ ഒരു ആശയത്തിൻ്റെ പേരിൽ, ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ട്, മരണത്തിൽ പോലും മതഭ്രാന്ത് കുത്തിനിറയ്ക്കുന്ന ഒരു വിഭാഗത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.എതിരാളിയെ കാണുമ്പോൾ aa കണ്ണിൽ വിരിഞ്ഞ ക്രൂരത ഇരയെ കണ്ടെത്തിയ വെട്ടനായുടെ പോലെ തീക്ഷ്ണമായിരുന്നു. ഇത് തുടരും എന്ന രീതിയിൽ തന്നെയാണ് ചിത്രം അവസാനിക്കുന്നത്.

അഭിനയമികവിൽ ആരും പിന്നിൽ ആയിരുന്നില്ല. ഒന്നിനൊന്നു മികച്ച അഭിനയം.

മാമുക്കോയയുടെ കഥാപാത്രം പറയാതെ പറഞ്ഞ കാര്യം. ചരിത്രത്തിലെ വിഡ്ഢിതരങ്ങൾ നമ്മൾ എന്തിനു ആവർത്തിക്കണം യുവാക്കളെ. പ്രതികരണശേഷി, അറിവ് എന്നിവയെല്ലാം നമ്മുടെ നന്മയ്ക്കായി ചിലവഴിക്കൂ. ലോകത്ത് ശാന്തിയും സമാധാനവും പടരട്ടെ.

Leave a Comment