ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ – സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി അറിയപ്പെടുന്നു. കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു.

മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു

വെടിമരുന്നു സൂക്ഷിക്കുന്നതിനായുള്ള മരുന്നറ
1990-കളിൽ മാമാങ്കത്തറക്കും മണിക്കിണറിനുമിടക്ക് ഒരു പ്രധാന തുരങ്കം കണ്ടെത്തിയിരുന്നു. ചരിത്രത്തിലാദ്യമായി നിലപാടുതറയിൽ വച്ച് സാമുതിരി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് പിന്നീടെന്നെങ്കിലും അത്തരമൊരു സന്ദർഭം ഉണ്ടാകുകയാണെങ്കിൽ രക്ഷപെടാനായി അക്കാലത്തെ സാമൂതിരി നിർമ്മിച്ചതാണത് എന്ന് കരുതപ്പെടുന്നു. ചാവേറുകളെ പ്രതിരോധിക്കുന്ന സമയത്ത് പരിക്കേൽക്കേണ്ടിവരുന്ന ഭടന്മാരുടെ ചികിത്സക്കായി സാമൂതിരി സ്ഥാപിച്ച ചങ്ങമ്പള്ളിക്കളരിയും ഇന്നുമുണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു മുന്നിലായി ചാവേറുകളെ യാത്രയാക്കാനായി ഉപയോഗിച്ചിരുന്ന ചാവേർത്തറയും ഇന്നും നിലനിൽക്കുന്നു. ചാവേർ തറയുടെ മുന്നിലെ ചെറിയ ബോർഡിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ” വള്ളുവനാടിന്റെ അഭിമാനസംരക്ഷനത്തിന് നൂറുകണക്കിന് ചാവേർ പടയാളികൾ തിരുനാവായയിലെ മാമാങ്കങ്ങളിൽ പട വെട്ടു ആത്മാഹുതി അനുഷ്ട്ടിച്ചുക്കൊണ്ട് വീരസ്വർഗം പ്രാപിച്ചു .കേരളചരിത്രത്തിന്റെ താളുകളിൽ ധീരതയുടെ പര്യായങ്ങളായി മിന്നിത്തിളങ്ങുന്ന ആ ധീര ദേശാഭിമാനികളുടെ ശാശ്വത സ്മരണകൾ ഈ രക്തസാക്ഷി മണ്ഡപത്തിൽ ഉറങ്ങി കിടക്കുന്നു.”

ചാവേറുകൾ : മാമാങ്കത്തിന്റെ അധീശത്വം അന്നത്തെ നിലയിൽ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്റെ കയ്യിൽനിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാൻ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാൽ നേർക്കുനേർ യുദ്ധം അസാദ്ധ്യമായിരുന്നു. കിഴക്കൻ പ്രദേശത്തിന്റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് സ്വാധീനം നിലനിർത്തേണ്ടത് ആവശ്യമായിരുന്നു. ഇതിനായി തിരുമാന്ധാംകുന്ന് ദേവിയെ പ്രാർത്ഥിച്ചപ്പോൾ ചാവേറുകളായി പൊന്നാനിവായ്ക്കൽ മാമങ്കത്തിന് പോയി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്. അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാൻ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരെ ചാവേറുകൾ എന്ന് പറഞ്ഞുവന്നു. മാമങ്കത്തിലാണ് കേരളചരിത്രത്തിൽ ആദ്യമായി ചാവേറുകൾ പ്രത്യക്ഷപ്പെടുന്നത്.

മാമാങ്കം ഇന്ന് സിനിമയാകുമ്പോളും ചാവേറുകളുടെ കഥയാണ് പറയുക. രാജാവിനും നാടിനും വേണ്ടി പടവെട്ടി വീണവരുടെ കഥ,
ഇതിവൃത്തത്തിന്റെ വൈകാരിക തീവ്രതയും അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയവും ഒപ്പം അതിന്റെ സമകാലികതയും സവിശേഷമായ ചരിത്ര പശ്ചാത്തലവും ഒക്കെ അത്രയേറെ ഉള്കൊച്ച തിരക്കഥയാണ് ഇതിനായീ ഒരുക്കുന്നത്. ആത്മാഭിമാനവും അന്തസ്സമുള്ള രാജ്യങ്ങളേയും ജനപഥങ്ങളേയും പണത്തിന്റെയും അതുവഴി ഉണ്ടാക്കിയ സൈനികബലത്തിന്റെയും ശക്തിയിൽ ചതിയിലൂടെ വളഞ്ഞ് പിടിച്ചതിന്റെയും, സൂക്ഷ്മതയിൽ ആത്മാഭിമാനത്തിന്റെയും നേരിന്റെയും നെറിയുടേയും വ്യക്തിത്വത്തങ്ങളെ പോലും അഴമതിയിലും പ്രലോഭനത്തിലും മുക്കിക്കൊല്ലുന്നതുമായ, സമഗ്രാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയും ചിത്രീകരണം പൂർത്തിയാകുന്നതോടെ മാമാങ്കത്തിന് സ്വന്തമാകും. മലയാള സിനിമയിലെ നടനവിസ്മയം മമ്മൂട്ടിയെ നായകനാക്കി കാവ്യാ ഫിലിം കമ്പനിയാണ് മാമാങ്കം ഒരുക്കുന്നത്. നിളയുടെ മണൽത്തരികളിൽ ചോരചിന്തിയ ധീര ചാവേറുകളുടെ കഥ പറയുന്ന മാമാങ്കത്തിൽ ഉണ്ണിമുകുന്ദൻ സിദ്ദിഖ് തരുൺ അറോറ സുദേവ് നായർ മണികണ്ഠൻ സുരേഷ് കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. പ്രാച്ചി തെഹ്ളാൻ, അനുസിത്താര കനിഹ ഇനിയ എന്നിവരാണ് നായികമാരാകുന്നത്. വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രം അണിയിച്ച് ഒരുക്കുന്നത് സംവിധായകൻ എം പത്മകുമാറാണ്. ദംഗൽ ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് സംഘട്ടനരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശൽ ആണ് മാമാങ്കത്തിനു മാറ്റേകുന്നത്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമങ്കത്തിനായി ഒരുക്കിയിട്ടുള്ളത്. മരടിൽ നിർമ്മിച്ചിട്ടുള്ള എട്ടേക്കർ ഭൂമിയിലെ സെറ്റ് ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിക്കാൻ കൂറ്റൻ മാളികയും എല്ലാം ഉൾക്കൊള്ളുന്നതാണ്. അഞ്ചുകോടിയിലധികം മുതൽമുടക്കിൽ ആയിരത്തോളം തൊഴിലാളികൾ ചേർന്ന് നാലു മാസം കൊണ്ടാണ് ഈ സെറ്റ് നിർമ്മിച്ചിട്ടുള്ളത്. യുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിനായി നെട്ടൂരിലെ 20 ഏക്കർ ഭൂമിയിൽ നിർമ്മിച്ച സെറ്റിൻ്റെ നിർമാണച്ചെലവ് 10 കോടിയിലധികമാണ്. രണ്ടായിരം പേരുടെ മൂന്നുമാസത്തെ ശ്രമഫലമാണ് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായ നെട്ടൂരിലേത്. 300 വർഷം മുൻപത്തെ അതെ മാമാങ്കം നിർമ്മിച്ചെടുക്കാൻ ആയി പത്ത് ടൺ സ്റ്റീൽ, 2000 ക്യുബിക് മീറ്റർ തടി തുടങ്ങിയവ ഉപയോഗിച്ചിട്ടുണ്ട്. ഇതിനുപുറമേ മുള പനയോല പുല്ല് കയർ തുടങ്ങിയവയും സെറ്റുകളുടെ നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കൾ ആണ്. സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിൽ ആണ് അവസാന പാദ ചിത്രീകരണം പൂർണമായും നടത്തുന്നത്. ഇതിൽ മറ്റൊരു ബ്രില്ലിയൻസ് ഒളിച്ചിരിക്കുന്നത് ഫ്രെയിമിങ് ആണ് തികച്ചും മാമാങ്ക കാലത്തിനെ വെള്ളിത്തിരയിൽ അനുഭവിക്കാൻ ഇ ഫ്രെയിമിങ്ങിനു സാധിക്കും അതിനു ഉദാത്തമായ ഉദാഹരമാണ് ഷൂട്ടിംഗ് സെറ്റിലെ വിളക്കുകളുടെ വെളിച്ചം. ഇതിനായി മാത്രം 2000 ലിറ്റർ വിളക്കെണ്ണയാണ് പ്രതിദിനം ഉപയോഗിക്കുന്നത്. മൂവായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന യുദ്ധരംഗങ്ങളിൽ ആനകളും കുതിരകളും ഉൾപ്പെടെ നിരവധി മൃഗങ്ങളും സിനിമയുടെ ഭാഗമാകും. ചന്തുവിനെയും വീരപഴശ്ശിയെയും മലയാളസിനിമയിൽ അനശ്വരമാക്കിയ മലയാളത്തിൻ്റെ മഹാനടൻ ഒരിക്കൽകൂടി കൂടി ചരിത്ര സിനിമയുടെ ഭാഗമാകുമ്പോൾ മാമാങ്കം പിറക്കാൻ പോകുന്നത് ഒരു ചരിത്രമായി തന്നെ ആയിരിക്കും.

Related Article

Write a comment

Your email address will not be published. Required fields are marked *