കൊറോണക്കാലത്തെ ഈ വര്‍ഗ്ഗീയത വലിയൊരു വിഡ്ഢിത്തവും അല്പത്തരവും ആയിപ്പോയില്ലേ എന്നു തോന്നി. കാലടിയില്‍ നടന്ന കാര്യങ്ങള്‍ എല്ലാം വ്യക്തമായി അറിയാവുന്നവരാണല്ലോ നമ്മള്‍. സിനിമയും ജീവിതവും തമ്മില്‍ എന്തിനാണ് നമ്മള്‍ കൂട്ടിക്കുഴയ്ക്കുന്നത്. ഒരുപറ്റം ചെറുപ്പക്കാര്‍, (അതില്‍ എല്ലാ ജാതി-മതസ്ഥരും, വര്‍ണത്തില്‍ വ്യത്യാസമുള്ളവരും ഉണ്ട്) അവരുടെ സ്വപ്‌നങ്ങളാണ് അവിടെ ചിതറിക്കിടക്കുന്നത്. ഹിന്ദുവിന്റെ മാത്രം സിനിമ, ക്രിസ്ത്യാനികളുടെ സിനിമ എന്നൊന്നില്ല. ‘പുലയന്‍ സംവിധാനം ചെയ്ത് സവര്‍ണന്‍ അഭിനയിച്ച് മുസ്ലീം നിര്‍മ്മിച്ച് പുറത്തിറങ്ങിയ’ എന്ന വിശദീകരണത്തോടു കൂടി ഞാനൊരു സിനിമാ വാര്‍ത്ത വായിച്ചിട്ടില്ല. അവിടെല്ലാം ആളുകള്‍ അവരുടെ പേരിലാണ് അറിയപ്പെടുന്നത്. സിനിമാ സെറ്റിനും കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ വിശ്വാസങ്ങള്‍ക്കും ഒരു ബന്ധവുമില്ലെന്നത് വിചിത്രമായ സത്യമാണ്. ക്രിസ്ത്യാനിവല്‍ക്കരിക്കപ്പെടുന്ന സിനിമാ വ്യവസായത്തേപ്പറ്റി വായിച്ചു. ഇവിടെ ഹിന്ദു വിശ്വാസങ്ങളെ പ്രമേയമാക്കിയും, ഹിന്ദു കുടുംബ പശ്ചാത്തലമുള്ള സീരിയലുകള്‍ എത്രയോ കൂടുതലാണ്. 90’s കുട്ടികളോട് ചോദിച്ചാല്‍ മഹാഭാരതവും, രാമായണവും കണ്ട് വളര്‍ന്നവരാണവര്‍. അന്നില്ലാത്ത വിശ്വാസ പ്രഹസനം ഇന്നെന്തിനാണ്? മതങ്ങള്‍ വിഷയമായ പാട്ടുകള്‍ എക്കാലത്തും ഹിറ്റായിരുന്നില്ലേ. ഹരിവരാസനം കേട്ടാല്‍ മനസൊന്ന് തണുക്കാത്ത മലയാളിയുണ്ടോ? അന്യനാട്ടില്‍ ജീവിക്കുന്ന എല്ലാര്‍ക്കും നാടെന്നാല്‍ സിനിമയും, പാട്ടുമൊക്കെയാണ്. അവിടെ നമ്മള്‍ മലയാളിയാകും.
വിശ്വാസം പിന്തുടരുന്നവന്‍ വിശ്വാസി ആണെങ്കില്‍, സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന എല്ലാരും സിനിമാക്കാരന്‍ ആണ്.
പള്ളികള്‍ കയ്യേറിയതും, ക്ഷേത്രങ്ങള്‍ കയ്യേറിയതും ചരിത്രം മാത്രമാണ്(അപൂര്‍ണ സത്യങ്ങള്‍ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു). പൂര്‍വ്വികരുടെ മണ്ടത്തരങ്ങളുടെ വിഴുപ്പ് ചുമക്കേണ്ട ബാധ്യത നമുക്കില്ല. കയ്‌പേറിയ ചരിത്രം അങ്ങനെ തന്നെ പാഠ്യ വിഷയമായി മാത്രം ഇരിക്കട്ടെ, പുസ്തകങ്ങളില്‍ ഒതുങ്ങട്ടെ. പകരം, നന്മയും സ്‌നേഹവും നമുക്ക് പ്രചരിപ്പിക്കാം.
മിഥില മരിയറ്റ്