കുമ്പസാരം: ആദ്യം തന്നെ പറയട്ടെ, കഥയുടെ മികച്ച ആസ്വാദനത്തിനു വേണ്ടി ഞാന്‍ യഥാര്‍ത്ഥ സ്തുതകള്‍ ഒന്നും തന്നെ ഇതുവരെ (bella ciao song ഒഴിച്ച്) ഗൂഗിള്‍ ചെയ്തിട്ടില്ലാ.

ഒത്തിരി ആളുകള്‍ റിവ്യു എഴുതിക്കഴിഞ്ഞ ശേഷമായിരിക്കും ഞാനീ കാര്യങ്ങളൊക്കെ പറഞ്ഞു വരുന്നത്. എന്റെ ഒരു സുഹൃത്ത് എനിക്ക് അയച്ചു തരുന്നത് വരെ എനിക്കും ഇതേപ്പറ്റി ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് അറിയില്ലാത്തവര്‍ക്ക് വേണ്ടി മാത്രമാണീ എഴുത്ത്.

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മോഷണമാണ് കഥ. മോഷണദ്രവ്യത്തിന്റെ വലിപ്പമാണ് അതിനെ വാര്‍ത്തകളില്‍ ഇടം നല്‍കുന്നത്. പരസ്പര ബന്ധമില്ലാത്ത ഒരു കൂട്ടം ആളുകളെ ഏകോപിപ്പിച്ചുകൊണ്ട് വളരെ ബ്രില്ല്യന്റായ ഒരു വ്യക്തി നേതൃത്വം കൊടുക്കുന്ന മോഷണമാണ് ഈ വെബ് സിരീസ് കാണിച്ചു തരുന്നത്. മോഷ്ടാക്കളുടെ ജീവിത പശ്ചാത്തലവും നിലവിലത്തെ സാഹചര്യങ്ങളും വ്യക്തമായിട്ട് അറിഞ്ഞുകൊണ്ടാണ് ‘പ്രൊഫസര്‍’ എന്നറിയപ്പെടുന്ന ആള്‍ ഇവരെ ഈ മോഷണത്തിലേക്ക് എത്തിക്കുന്നത്. സ്‌പെയിനിലെ റോയല്‍ മിന്റിലാണ് കൊള്ള നടക്കുന്നത്. കറന്‍സി അച്ചടിക്കുന്ന വിഭാഗവും, ആന്റിക് മ്യൂസിയവും ഇവിടെയുണ്ട്. റോയല്‍ മിന്റിലേക്ക് വരുന്നവരേയും, അവിടത്തെ സ്റ്റാഫിനേയും ബന്ദികളാക്കി അവരെ ഒരു സുരക്ഷാ കവചം പോലെ നിര്‍ത്തിക്കൊണ്ടാണ് മോഷ്ടാക്കള്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കുന്നത്. മോഷണം നടക്കുന്ന മണിക്കൂറുകളില്‍/ ദിവസങ്ങളില്‍ അന്വേഷിക്കുന്ന പോലീസ് ടീമിന്റേയും, കള്ളന്‍മാരുടേയും വ്യക്തിപരമായ ജീവിതത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഈ വെബ് സിരീസിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

ദൈര്‍ഘ്യം: 40മിനുട്ടു മുതല്‍ 1 മണിക്കൂര്‍ വരെയാണ്. അല്‍പം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നും, പക്ഷേ കഥയുടെ പൂര്‍ണ്ണതയ്ക്ക് ഈ താമസം അനിവാര്യമാണ്. ബോറടിപ്പിക്കില്ല നിശ്ചയം.

PS: ഈ വെബ് സിരീസ് കണ്ടിട്ട് മോഷണം, കൊള്ള, കൊലപാതകം എന്നിവ അത്രകണ്ട് മഹനീയ കാര്യമായിട്ട് ആരും കാണരുത്. യഥാര്‍ത്ഥ ജീവിതത്തില്‍ അനുകരിക്കാനും നോക്കരുതേ!!!

Related Article

Write a comment

Your email address will not be published. Required fields are marked *