റൗഡി പിക്ചേഴ്സിൻ്റെ ബാനറിൽ സൂപ്പർസ്റ്റാർ നയൻതാര അന്ധയായ നായികാ വേഷം അവതരിപ്പിച്ച, ഓഗസ്റ്റ് 13 ന് പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ” നെട്രിക്കൺ “. വിഗ്നേഷ് ശിവൻ നിർമ്മിച്ചു മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലായി ഓൺലൈൻ പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലാണു റിലീസ് ചെയ്തത്.
ഒരു അപകടത്തെ തുടർന്നു തൻ്റെ സഹോദരനെയും ഒപ്പം കാഴ്ച ശക്തിയും നഷ്ടമായ നായിക, കാമഭ്രാന്ത നായ വില്ലൻ്റെ മുന്നിൽ അവിചാരിതമായി എത്തിപ്പെടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
ചിത്രത്തിൻ്റെ നല്ല വശങ്ങൾ നോക്കിയാൽ മികച്ച ദൃശ്യാവിഷ്കാരമാണ്. ഉപയോഗിച്ചിരിക്കുന്ന ലൈറ്റ്, സിനിമാട്ടോഗ്രഫി, ആർട്ട് വർക്ക്, VFX എല്ലാം ലോകോത്തര നിലവാരത്തിലുള്ളവയാണ്. എടുത്ത് പറയേണ്ടത് ഈ സിനിമയിൽ നയൻതാരയുടെ ശബ്ദവും പാശ്ചാത്തല സംഗീതവും ആണ്. എല്ലാം മികച്ചു നിൽക്കുന്നു.
ചിത്രത്തിൻ്റെ പോരായ്മയായി തോന്നിയ ചില കാര്യങ്ങളും പറയണമല്ലോ. ഒന്നാമത് കഥയുടെ സുഖം കളഞ്ഞ ട്രെയിലർ. തീർച്ചയായും ആർക്കും സിനിമ കാണാൻ തോന്നും. പക്ഷേ, ട്രെയിലറിൽ നിന്നും വ്യത്യസ്തമായി ഒന്നും സിനിമയിൽ കാണാനില്ല. അത് പ്രേക്ഷകൻ്റെ ആവേശം ഒന്ന് തണുപ്പിക്കുന്നതാണ്.
മറ്റൊന്ന് പൂർണമായും സ്വാഭാവികത ഇല്ലാത്ത കഥയും, തിരക്കഥയും. സിനിമയെ മുന്നോട്ട് നയിക്കുന്ന പ്രധാന സംഭവങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ മനഃപൂർവം സൃഷ്ടിച്ച ട്വിസ്റ്റുകൾ. ആദ്യത്തേത്, അനിയൻ്റെ മരണം, കാഴ്ച നഷ്ടമാകുന്നത്. സിബിഐ ഉദ്യോഗസ്ഥ എന്ന നായികയുടെ ജോലി തന്നെ അവരുടെ ബ്രില്ലിയൻ്റ് സ്വഭാവം കാണിക്കുവാൻ മനഃപൂർവം ചെയ്തത് പോലെ തോന്നി. അങ്ങനെ ഒരു സംഭവം ഇല്ലെങ്കിൽ കൂടിയും കഥ മുന്നോട്ട് പോകും എന്ന് തോന്നി.
ഒപ്പം അവളെ അനാഥയാക്കി, കുടുംബ സീനുകളും ഒഴിവാക്കി. വില്ലനെ പിടിക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന റിസ്ക്കുകൾ അവിടെ തന്നെ ഒഴിവായി. മറ്റൊന്ന് അന്ധയായ പെൺകുട്ടി ഒറ്റയ്ക്ക് തൻ്റെ ഓർഫനേജിൽ നിന്നും ഒറ്റയ്ക്ക് പിണങ്ങി ഇറങ്ങുന്നത്. അത് വില്ലൻ്റെ ഇൻ്ററോ കൊടുക്കാൻ മാത്രം സൃഷ്ടിച്ചത് പോലെ തോന്നി. അതേ പോലെ തന്നെ അവളെ സഹായിക്കുന്ന നായയെ കൊല്ലുന്നു, അപരിചിതൻ ആയ യുവാവ് അവളുടെ കഥ കേട്ട് അവളെ സഹായിക്കുന്നു. ക്ലൈമാക്സിൽ നായികയും സഹായിക്കുന്ന യുവാവും ഒറ്റക്ക് അനാഥാലയത്തിൽ…അവിശ്വസനീയം. അവളെ അന്വേഷിച്ചു കൃത്യമായി അവിടെ എത്തുന്ന വില്ലനും. എന്തുകൊണ്ട് വില്ലൻ അവളുടെ ഫ്ലാറ്റിൽ പോകാതെ ഇവിടേയ്ക്ക് വരുന്നു…അറിയില്ല.
അഭിനയം നോക്കിയാൽ എല്ലാവരും നന്നായി ചെയ്തു. നയൻതാര കേൾവി ശക്തി ഇല്ലാത്ത ഒരു കഥാപാത്രം മുൻപ് മറ്റൊരു ചിത്രത്തിൽ ചെയ്തിരുന്ന തിൽ നിന്നും വലിയ വ്യത്യാസം ഒന്നും തോന്നിയില്ല എങ്കിലും നന്നായിരുന്നു. ഒപ്പം ഗൗതം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരൻ ശക്തിയും, ഇൻസ്പെക്ടർ മണികണ്ഠൻ ആയി വേഷമിട്ട കേ.മണികണ്ഠനും മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. മലയാളികളുടെ സുന്ദരനായ റൊമാൻ്റിക് ഹീറോ അജ്മൽ അമീറിൻ്റെ വില്ലൻ കഥാപാത്രം അദ്ദേഹം ചെയ്തു ഫലിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
2011 ഇൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം ” ബ്ലൈൻഡ്” ദക്ഷിണേന്ത്യൻ സിനിമയുടെ കാഴ്ചപ്പാടിൽ നിർമ്മിച്ചപ്പോൾ എവിടെയോ പാളിച്ച പറ്റിയ പോലെ തോന്നി. മനഃപൂർവം മെനഞ്ഞെടുത്ത ഒരു കഥയിൽ നമ്മൾ പ്രതീക്ഷിക്കാത്തതോ, കാണാത്തതൊ ആയ സസ്പെൻസ് ഒന്നും തന്നെ ഈ ചിത്രത്തിൽ ഇല്ല. ചില ഹോളിവുഡ് ചിത്രങ്ങളിൽ കാണുന്നത് പോലെയുള്ള സാഹചര്യങ്ങൾ ചെന്നൈ പോലെ ഒരു നഗരത്തിൽ സംഭവിക്കും എന്നു സമർത്ഥിക്കുന്നത് പോലെ തോന്നി. യഥാർഥ സംഭവങ്ങൾ ഉണ്ടാകാം. ഇല്ലെന്ന് പറയുന്നില്ല.
എന്തൊക്കെ പറഞ്ഞാലും ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. പരിമിതികളിൽ നിന്ന് സിനിമയെന്ന മേഖലയെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ ആത്മാർഥമായി പ്രോത്സാഹിപ്പിക്കണം.
സിനിമാമേഖല പ്രതിസന്ധികളെ തരണം ചെയ്ത് വരട്ടെ. മികച്ച ചിന്തകള് ലോകത്തിന് മുന്നിലെത്തട്ടെ.