പൊറമ്പോക്ക്

എസ്.പി ജനനാതന്‍ സംവിധാനം, സംഭാഷണം, കഥ നിര്‍വഹിച്ച്, രോഘനാഥ് തിരക്കഥയെഴുതി സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിര്‍മ്മിച്ച തമിഴ് ചിത്രമാണ് പൊറമ്പോക്ക്. കേന്ദ്ര കഥാപാത്രങ്ങളായ യമസിംഗം, ബാലു, കുയിലി, മകൗളി, എന്നിവരെ യഥാക്രമം വിജയ് സേതുപതി, ആര്യ, കാര്‍ത്തിക, ഷാം എന്നിവര്‍ നിര്‍വഹിക്കുന്നു.

ഇന്ത്യന്‍ പട്ടാളത്തെ ആക്രമിച്ച തീവ്രവാദിയായ ബാലുവിനെ തൂക്കിലേറ്റാന്‍ വിധിക്കുന്നു. വിധി നിറവേറ്റാന്‍ നിയമിതനായ പോലീസ് ഇന്ത്യയിലെ അവസാന ആരാച്ചാര്‍ ആയ യമലിംഗത്തെ തേടി ഇറങ്ങുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മലയാള സിനിമകളില്‍ കണ്ടു വരുന്ന അത്രയും തന്നെ കമ്മ്യൂണിസ്റ്റ് ചിന്താഗതി മനോഹരമായി ചിത്രത്തില്‍ കാണിക്കുന്നുണ്ട്. നാടിനു വേണ്ടിയാണ് ഒരു ചെറുപ്പക്കാരന്‍ തീവ്രവാദിയാകുന്നത്. കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് പറയുന്നുണ്ട് ‘നമ്മള്‍ നാടിനു വേണ്ടി ചെയ്യുന്നുവെങ്കിലും ജനങ്ങള്‍ ഒന്നും അറിയുന്നില്ലല്ലോ’ എന്ന്.

പ്രധാന കഥാപാത്രങ്ങളായ പുരുഷന്‍മാരായ ബാലുവും, യമലിംഗവും, മകൗളിയും ഇവരുടെ ചിന്താഗതികളും, മാനസിക പിരിമുറുക്കങ്ങളും വ്യക്തമാക്കുന്ന സീനുകള്‍ പ്രത്യേകം പറയേണ്ടിയിരിക്കുന്നു. നിയമത്തിനു വേണ്ടി ജീവന്‍ നല്‍കാനും എടുക്കാനും മടിയില്ലാത്ത പോലീസ് ഓഫീസറും, ജനനന്‍മയ്ക്ക് ജീവന്‍ നല്‍കാന്‍ പോലും തയ്യാറായ ബാലുവും, ഒരിക്കലും മറ്റൊരു ജീവനെടുക്കാന്‍ തയ്യാറാകാത്ത യമലിംഗവും ഒരു പരിധിവരെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ്.
സഹജീവികളുടെ നന്മ ആഗ്രഹിക്കുന്നവര്‍ക്ക് നിയമം എന്താണ് യഥാര്‍ത്ഥ ജീവിതത്തില്‍ വച്ചിരിക്കുന്നതെന്ന് ചിത്രം വെളിപ്പെടുത്തുന്നു.

ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ബാലുവും, നിയമം അതിന്റെ വഴിക്കു പോകണമെന്ന് വാശി പിടിക്കുകയും ചെയ്യുന്ന പോലീസ് ഓഫീസറും, തനിക്ക് ഒരിക്കലും ഒരാളെ കൊല്ലാന്‍ കഴിയില്ലായെന്ന് മനസിലാക്കി പിന്മാറാന്‍ ശ്രമിക്കുന്ന യമലിംഗവും നമ്മുടെ മനം കവരും.

ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കാഴ്ചക്കാരനെ മുള്‍മുനയില്‍ നിര്‍ത്താന്‍ പിന്നണി പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു എന്നുള്ളത് അഭിനന്ദനാര്‍ഹമാണ്. കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീരു പോലും വീഴ്ത്താന്‍ നമുക്ക് യോഗ്യതയില്ലാ. കാരണം നമ്മളൊക്കെ സ്വാര്‍ത്ഥരാണ്.

Leave a Comment