ആദ്യമൊക്കെ അതുപയോഗിക്കുന്നതിൽ ഞാനും സന്തോഷിച്ചിരുന്നു… അഭിനയ മോഹവും നൃത്യ നാട്യ കഴിവുകൾ ഉള്ളവരും അത് വേദികളിൽ പ്രദര്ശിപ്പിച്ചവരും പ്രദർശിപ്പിക്കാൻ കഴിയാത്തവരും ഒക്കെയായിട്ടുള്ളവർക്ക് ഒരു വലിയ ഫ്‌ളാറ്റ്ഫോം തുറന്നു കിട്ടുകയാണ് അതിലൂടെ… അൺലിമിറ്റഡ് റീച്ച് ആണ് ഈ ഫ്‌ളാറ്റ്ഫോമിന്റെ പ്രധാന ആകർഷണം … സെലിബ്രിറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഇതിലും നല്ലൊരു സാധ്യത വേറെ ഇല്ല എന്ന് തന്നെ പറയാം. ( സെലിബ്രിറ്റി സ്റ്റാറ്റസ് എന്നത് മോശം ആഗ്രഹം അല്ല )

ടിക് ടോക് എന്ന പാരലൽ വേൾഡിൽ ഏറിയ പങ്കും കേശവൻ മാമൻ തിങ്കേഴ്‌സ്നെ ആണ് ഇപ്പോൾ കൂടുതലായും കാണുന്നത്. കാരണം അതിൽ ക്രിയേറ്റിവിറ്റി എന്ന ലേബലിൽ തയ്യാറാക്കുന്ന പല വീഡിയോകൾക്കും ഒരു കുല പുരുഷ കുല സ്ത്രീ ട്യൂൺ ഒരുപാട് കണ്ടിട്ടുണ്ട് ഇതിനുദാഹരണമാണ് “കലിപ്പന്റെ കാന്താരി” പോലുള്ള ടൈപ്പ് വീഡിയോകൾ. ഇതുകൂടാതെ ജാതിയതയ്ക്കും മത ചിന്തകളുടെ അൺലിമിറ്റഡ് പ്രഹസനകൾക്കും ടിക് ടോക് ഫാൻസ് നല്ല പ്രോത്സാഹനം കൊടുക്കുന്നവരാണ്. മറ്റൊരു പ്രവണത ലൈക്കിനപേഷിക്കാൻ എന്ത് തരം മാർഗ്ഗവും സ്വീകരിക്കുന്നൊരു നിലപാട് ഒരു ഉദാഹരണം ” ഞാൻ കറുത്തതാണ് എനിക്കൊന്നും ലൈക്ക് തരൂല അല്ലെ ” ഇത്തരം കമന്റുകൾ ആദ്യവും അവസാനവും വരുന്ന നിരവധി വീഡിയോകൾ ടിക് ടോക്കിൽ കണ്ടിട്ടുണ്ട്, എന്തിനാണ് ഇത്തരം ഒരു ഷോ ഓഫ് ?. ഞാൻ ടിക് ടോക് ആസ്വദിച്ചിട്ടുണ്ട് പക്ഷെ അതിലെ കണ്ടന്റുകളുടെ സ്വഭാവത്തിൽ സ്ത്രീ വിരുദ്ധത, ജാതി മത ചിന്തകളുടെ പ്രോത്സാഹനം എന്നിവ കണ്ടപ്പോൾ രസക്കേട് തോന്നി. റ്റിക്റ്റോക് കലാകാരന്മാരോട് എന്തേലും വ്യക്തിപരമായ വിരോധം ഇവിടെ ആർക്കും ഇല്ല . പിന്നെ എന്തുകൊണ്ടാവും ആ എതിർപ്പിനും അർജുവിന്റെ ഇ റീയാക്ഷൻ വീഡിയോകൾക്ക് കിട്ടിയ പിന്തുണയക്കും കാരണം ? അവിടെയാണ് അർജു എന്ന യുട്യൂബറുടെ അമ്പരിപ്പിക്കുന്ന നേട്ടവും വളർച്ചയും നമ്മൾ വിശകലനം ചെയ്യേണ്ടത്

യൂട്യൂബിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സിൽവർ ബട്ടണും ഗോൾഡൻ ബട്ടണും നേടുന്ന ആദ്യ മലയാളി ആണ് അർജു . കേവലം നാലോ അഞ്ചോ ദിവസങ്ങൾ കൊണ്ടാണ് അർജു ഈ നേട്ടം കൈ വരിച്ചത്. ഇതിന് അയാളെ സഹായിച്ചത് റ്റിക് ടോക് വീഡിയോകൾ ചെയ്യുന്നവരോട് മലയാളികളിൽ ഒരു പക്ഷത്തിന് ഉണ്ടായിരുന്ന എതിർപ്പ് ആണ്. അതിന് കാരണം, ടിക് ടോക് എന്ന പാരലൽ വേൾഡിലെ പിന്തിരിപ്പൻ ക്രിയേറ്റിവിറ്റി വീഡിയോകൾ തന്നെ. അവർക്ക് നിലവിലെ വർത്തമാന കാലത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ കുറിച്ചോ ലിബറൽ ചിന്തകളുടെ പ്രാധാന്യത്തെകുറിച്ചോ യാതൊരു ബോധ്യവും ഇല്ലാത്തവർ ആണ്. ഇവരുടെ ഈ അറിവില്ലായ്മയാണ് കലിപ്പന്റെ കാന്താരി , എള്ളോളം തരി പൊന്ന് ബിജിഎം ഇട്ട ബാല വിവാഹങ്ങൾ, ആറ് മണിക്ക് മുൻപ് വീട്ടിൽ കയറി ഇല്ലെങ്കിൽ ചെകിട് അടിച്ചു പൊളിക്കുന്ന, കല്യാണം കഴിഞ്ഞ സ്ത്രീൾക്ക് വിവരം ഇല്ലന്ന് പറയുന്ന ആങ്ങള , തേപ്പ് എന്ന പേരിൽ പെണ്കുട്ടികളെ ആക്രമിക്കാൻ വരെ പ്രേരിപ്പിക്കുന്ന വീഡിയോകൾ, പട്ടിയെപ്പോലെ പിന്നാലെ നടന്നിട്ടും ഉപേക്ഷിക്കപെട്ടതു പറഞ്ഞുള്ള കരച്ചിൽ, (മാത്രമല്ല രാത്രിയായാൽ പെണ്ണുങ്ങൾ എല്ലാം ഒരുപോലാടാ എന്ന് പറഞ്ഞു അവൻ കരയാതെ ചെയ്യുന്ന ഒരു വീഡിയോയും ഉണ്ട് ). ഇങ്ങനെ കലയെ കോല ചെയ്യുന്ന പോലുള്ള ചില അംഗീകരിക്കാൻ പറ്റാത്ത കൊപ്രായങ്ങൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്ന് പറഞ്ഞാലും വിമർശനം അർഹിക്കുന്നവ തന്നെ ആണ്. ഇവരുടെ ഈ പാരലൽ ലോകത്തിനിട്ട് നല്ല രീതിയിൽ ഒരു അടി വേണ്ടതായിരുന്നു. അതാണ് അർജു ആദ്യം ചെയ്തിരുന്ന ഒന്ന്, രണ്ട് വീഡിയോകളിൽ കണ്ടതും , ഒപ്പം ചാനെൽ സബ്സ്ക്രൈബേഴ്‌സിന്റെ എണ്ണം കൂടിയതും.

എങ്കിലും പിന്നീട് വന്ന ചില വീഡിയോകളിൽ മനുഷ്യരുടെ നിറവും രൂപവും വെച്ചുള്ള അധിക്ഷേപങ്ങളും കണ്ടിരുന്നു. വിഭവ സമൃദ്ധമായ സദ്യയിൽ ചത്ത എലിയെ പിടിച്ചിട്ടത് പോലെ ആയീ പോയി. പിന്നീട് ആ വീഡിയോകൾ ഒന്നും അത്ര ആസ്വാദകര്യമായി തോന്നിയില്ല. അർജു അദ്ദേഹത്തിന്റെ റിയാക്ഷൻ വീഡിയോകളിൽ വാക്കുകൾ കൊണ്ടും റിയാക്ഷൻ കൊണ്ടും പരിഹസിച്ചു വിട്ടവരിൽ നീതി അർഹിക്കുന്ന ചിലരുണ്ട്. ചിലർ മാത്രം. ദാരിദ്ര്യത്തെയും വർഗത്തെയും പരിഹസിച്ചു ചെയ്ത വീഡിയോയും അത് പോലെ ബോഡിഷെയിമിംഗ് നടത്തിയ വീഡിയോകളും വിമർശനം അർഹിക്കുന്നവ തന്നെയാണ്. ഒരു സുഹൃത്ത് ഷെയർ ചെയ്ത അർജു വിന്റെ ഒരു ഇന്റർവ്യൂ വീഡിയോയിൽ അർജു രജിത് കുമാർ ഫാൻ ആണെന്ന് പറയുന്നുണ്ട്. ബിഗ് ബോസ് എന്ന പ്രോഗ്രാമിലെ രജിത് കുമാറിന്റെ പ്രസ്താവനകളും ചിന്തകളും ഒക്കെ തന്നെ വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശിച്ചിരുന്നവയാണ്. ചാടി പോവുന്ന ഗർഭ പാത്രങ്ങൾ മുതൽ വേഷവിധാനം കൊണ്ട് ലഭിക്കുന്ന ഭിന്ന ലൈംഗികത, തുടങ്ങി അസമയത്ത് ഇറങ്ങി നടക്കുന്ന പെൺകുട്ടി മോശക്കാരി എന്നുള്ളത് വരെ അദ്ദേഹത്തിന്റെ ലോക പ്രസിദ്ധമായ ഊള പ്രബന്ധങ്ങൾ ആണ്. ഇതേ രജിത്തിന്റെ ആശയങ്ങളുടെ കൂടിയ രൂപമാണ് പല ടിക് ടോക് വീഡിയോകളും അതും വിമർശനത്തിന് വിധേയ മാകേണ്ടതാണ് എന്ന് ഇപ്പോൾ അർജു വിനെ വിമർശിക്കുന്നവരുടെ പോസ്റ്റുകളിലും കണ്ടില്ല എന്നത് വാസ്ഥവമാണ്. പിന്നെ ഇതൊക്കെ ആണ് മലയാളികൾ പല പാരലൽ ലോകത്തിന്റെ കൂടിച്ചേരലാണ് ഇന്നത്തെ സമൂഹം ഇവിടെ പലതും തിരുത്തപ്പെട്ടത് പല കാലാന്തരങ്ങളിലൂടെയാണ്. സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും ഒക്കെ വിരുദ്ധത ആണ് എന്ന് മലയാളികൾ എന്നാണ് പൂർണമായും മനസ്സിലാക്കി തുടങ്ങിയത്. അതൊക്കെ ഉപേഷിക്കേണ്ട ചിന്താഗതികളാണ് എന്നൊക്കെ അറിഞ്ഞിട്ടും ഇനിയും മനസ്സിലാക്കാതെ വെളിച്ചത്തെ അറിയാതെ നടക്കുന്നവർ നമ്മുടെ സമൂഹത്തിൽ തന്നെ ഉണ്ട്. അതിനേറ്റവും വലിയ ഉദാഹരണമാണ് എഫ് എഫ് സി പോലുള്ള നികൃഷ്ട ചിന്താഗതിക്കാരുടെ സോഷ്യൽ മീഡിയ കൂട്ടായ്മകൾ. അവിടെ വർഗ്ഗ വർണ്ണ വ്യത്യസങ്ങൾ അവർ ഊള ചിന്തകളും എഴുത്തുകളും കൊണ്ട് ആഘോഷമാക്കുകയാണ്. പൊളിറ്റിക്കലി നമ്മൾ ഇനിയും ഒരുപാട് കറക്ട് ആവേണ്ടതുണ്ട്. ചിന്താരീതികളിലെയും കാഴ്ചപ്പാടിലെയും മാറ്റം നമുക്ക് അനിവാര്യമാണ്. അന്ന് സമൂഹത്തിന്റെ നിലപാട് മനുഷ്യത്വപരമായി മാറുന്ന അവസരത്തിൽ ടിക് ടോക്കിനെ വിമർശിക്കാൻ അർജു വിനെ പോലെ ഒരു യു ട്യൂബർ ഉണ്ടാവുകയുമില്ല. ടിക് ടോക്കിലെ കലിപ്പന്റെ കാന്താരി മാരും, ആറ് മണി ആങള മാരും, എന്തിനു എഫ് എഫ് സി യും ഉണ്ടാവുകയില്ല.

Related Article

Write a comment

Your email address will not be published. Required fields are marked *