വേള്‍ഡ് ഫേമസ് ലവര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രണയം എന്താണ്?

വിജയ് ദേവരകൊണ്ടയെന്ന നടനെ പരിചയപ്പെടുത്തേണ്ട കാര്യമില്ലാ. അര്‍ജ്ജുന്‍ റെഡ്ഡിയെന്ന ഒറ്റച്ചിത്രം അദ്ദേഹത്തിന് നല്‍കിയ പ്രശസ്തി അത്രകണ്ട് വലുതാണ്. വിജയുടെ തന്നെ വേള്‍ഡ് ഫേമസ് ലവര്‍ എന്ന ചിത്രം കണ്ടിട്ട് അതില്‍ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ച പ്രണയം എന്താണെന്ന് മനസിലായില്ല. സിനിമയുടെ കഥയ്ക്ക് ഒരു ആമുഖമായി പറഞ്ഞാല്‍ അതിങ്ങനെയാണ്-

പ്രണയിച്ചു വിവാഹം കഴിച്ചിട്ടും പരസ്പരം ശാരീരിക ആവശ്യങ്ങള്‍ക്കു മാത്രമായി ബന്ധിക്കപ്പെട്ടികിക്കുന്ന ദമ്പതികള്‍. ഭാര്യയുടെ ജീവിതം ഒരു യന്ത്രം പോലെ, ഉണരുകയും ഭക്ഷണം ഉണ്ടാക്കുകയും, ജോലിക്ക് പോവുകയും വരികയും, ഉറങ്ങുകയും, വീണ്ടും വിരസ ദിവസങ്ങള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇതൊന്നും അറിയാതെ എഴുത്തുകാരനാകാന്‍ തന്റെ ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ മാറ്റിവെച്ച് ഭ്രാന്തനേപ്പോലെയുള്ള ഭര്‍ത്താവ്. അയാള്‍ തന്റെ പിരിമുറുക്കങ്ങള്‍ ഭാര്യയുടെ ശരീരത്ത് അടിയീയും, തൊഴിയായും കൊടുക്കുന്നു. സര്‍വ്വം സഹിച്ചതിനു ശേഷം വലിയൊരു ചോദ്യ ചിഹ്നമായി ജീവിതം മുന്നില്‍ പല്ലിളിച്ചു നില്‍ക്കുമ്പോള്‍ ഭാര്യ അവനെ ഉപേക്ഷിക്കുന്നു. പിന്നീട്, പ്രണയത്തിന്റെ ചില തലങ്ങളിലൂടെ കടന്നു പോകുന്നു.

പക്ഷേ, തുറന്നു പറയട്ടെ, എനിക്കീ സിനിമ ഇഷ്ടമായില്ല. അര്‍ജ്ജുന്‍ റെഡ്ഡിയുടെ നായക കഥാപാത്രത്തിന്റെ വികലമായൊരു അനുകരണമാണ് ഈ സിനിമയിലെ നായകന്‍. പ്രിയനായകന്‍ അഭിനയിച്ചിട്ടു പോലും അതിലൊരു പുതുമയില്ല. എന്നാല്‍ നായിക രാഷി ഖന്ന അവരുടെ ഭാഗം ഏറ്റവും വ്യക്തമായും വൃത്തിയായും ചെയ്തിട്ടുണ്ട്. നായകന്റെ അഭിനയവുമായി തുലനം ചെയ്യുമ്പോള്‍ നായിക ഒരുപടി മുകളില്‍ തന്നെയാണ്.

കഥയും തിരക്കഥയും, ഒന്നിനേപ്പറ്റിയും പറയാന്‍ ആഗ്രഹമില്ല. പക്ഷേ, ട്രെയിലര്‍, പാട്ടുകള്‍ ഇവയെല്ലാം പ്രേഷകനെ ഒരു പരിധിവരെ തെറ്റിദ്ധരിപ്പിക്കുക എന്ന തലത്തിലേക്ക് എത്തിയോ എന്നൊരു സംശയം തോന്നി. ഇപ്പോളത്തെ സൂപ്പര്‍ താര സിനിമകള്‍ അങ്ങനെയാണല്ലോ. പറഞ്ഞിട്ട് കാര്യമില്ല. ഒന്നിലധികം നായികമാര്‍, ഒരേയൊരു നായകന്‍ വിവിധ ഗെറ്റപ്പുകളില്‍ ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. സിനിമാ അണിയറപ്രവര്‍ത്തകര്‍ വിചാരിക്കുന്നത് അവര്‍ പ്രേഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുവെന്നാണ്. എന്നാല്‍ അങ്ങനെയല്ലാ, വഞ്ചനയാണ്. ഇതെല്ലാം കണ്ട് പ്രതീക്ഷിച്ച് പടം കാണുന്നയാള്‍ക്ക് മുന്നിലേക്ക് പ്രണയത്തിന്റെ കുറെ അര്‍ത്ഥ തലങ്ങള്‍ പല കഥകളായി കാണിച്ചു കൊടുക്കുമ്പോള്‍ പ്രണയത്തേപ്പറ്റിയല്ലാ മറിച്ച് ചെലവായ ഇന്റര്‍നെറ്റിന്റെ ഡേറ്റയുടെ കണക്കും തിയേറ്ററില്‍ ചിലവായ കാശിന്റെ കാര്യവും മാത്രമേ സാധാരണക്കാര്‍ ഓര്‍ക്കുകയുള്ളൂ.

വേള്‍ഡ് ഫേമസ് ലവര്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ മനസിലായി, പക്ഷെ, വലിയൊരു ആള്‍ക്കൂട്ടത്തെ പ്രതീക്ഷിച്ചു പുറത്തിറക്കുന്ന ഇത്തരം സിനിമകള്‍ക്ക് കുറച്ചു കൂടി തിരക്കഥയില്‍ വ്യക്തത കൊടുത്തുകൊണ്ട് വേണം ഇറക്കാന്‍.

ps: സിനിമ ഒരുകൂട്ടം ആളുകളുടെ സ്വപ്‌ന സാക്ഷാത്കാരമാണ് എന്നറിയാം. വിലയിരുത്തുന്നത് ഇതെല്ലാം മനസില്‍ വെച്ചുകൊണ്ട് തന്നെയാണ്. ഇതു കണ്ടിട്ട് തനിക്കൊരു പടം എടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍

‘എനിക്ക് എഴുതാനല്ലേ സാറേ അറിയൂ, വായിക്കാന്‍ അറിയില്ലാലോ’ 🙂

മിഥില മരിയറ്റ്

Leave a Comment