ജോക്കര്‍ മാരകമായ ഒരനുഭവമാണ്, മരിയറോസ് എഴുതുന്നു

“ഇതാണ്, ഇത് മാത്രമാണ് വസ്തുത” എന്ന മട്ടില്‍ അവതരിപ്പിക്കുന്ന ആഖ്യാനങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുക എന്നത് തത്വചിന്തയുടെ പ്രത്യേകതകളില്‍ ഒന്നാണ്. കുഴി എണ്ണി മാത്രം അപ്പം തിന്നുക എന്നതാണ് ഫിലോസഫിയുടെ രീതി. മനുഷ്യചരിത്രം മുന്നോട്ട് നീങ്ങുമ്പോള്‍ “നീതി” എന്ന സങ്കല്‍പത്തിനോട്‌ നീതി പുലര്‍ത്താനുള്ള ഒരു ശ്രമം ലോകത്തെങ്ങും വര്‍ദ്ധിച്ചു വരുന്നതായി നിരീക്ഷിച്ചാല്‍ കാണാം. അത് എല്ലായ്പ്പോഴും വിജയിക്കുന്നുണ്ടാകും എന്ന് പറഞ്ഞു കൂടാ. ഓരോ സംസ്കാരങ്ങളിലും അതിന്‍റെ Pace ന് ഏറ്റക്കുറച്ചിലുമുണ്ടാകാം. എങ്കിലും പരമാധികാരത്തോടെ പറഞ്ഞു വയ്ക്കുന്നതിനെ എതിര്‍ദിശയില്‍ നിന്ന് ചിന്തിക്കാനുള്ള പ്രവണതകള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ വര്‍ധിച്ചു വരിക തന്നെയാണ്. എല്ലാമറിയുന്ന കഥാകാരന്‍ കഥ പറയുമ്പോള്‍ നായകന്‍ എത്രത്തോളം നായകനാണ് എന്നും വില്ലന്‍ എത്രത്തോളം വില്ലനാണ് എന്നും ഇപ്പോള്‍ വിലയിരുത്തപ്പെടും. ഒരു ഡിസിപ്ലിന്‍ എന്ന നിലയില്‍ തത്വചിന്ത ഈ രീതി അതിന്‍റെ ആരംഭദശ മുതല്‍ പിന്തുടര്‍ന്നിരുന്നുവെങ്കിലും ജനപ്രിയവ്യവഹാരങ്ങളിലേയ്ക്ക് ഈ സമീപനം കടന്ന് വരുന്നത് സമകാലികപ്രവണതയാണ്. നിങ്ങള്‍ ഹോളിവുഡ് ആഖ്യാനങ്ങളിലേയ്ക്ക് നോക്കിയാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞു പഴകിയ പഴയകാല ആഖ്യാനങ്ങള്‍ പലതും കൌണ്ടര്‍ വായനകള്‍ക്ക് വിധേയമായതായി കാണാം.

തൊണ്ണൂറുകളില്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ഡ്രാക്കുള, കെന്നത്ത് ബ്രാണയുടെ ഫ്രാങ്കന്‍സ്റ്റൈന്‍ സത്വം, ആര്‍ എല്‍ സ്റ്റീവന്‍സണിന്‍റെ ട്രഷര്‍ ഐലന്‍ഡിലെ വില്ലന്‍ ലോംഗ് ജോണ്‍ സില്‍വറില്‍ നിന്ന് ചുറ്റിത്തെറിച്ചുണ്ടായ( Spin off) ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ ആഖ്യാനങ്ങള്‍, നവീകരിക്കപ്പെട്ട ജെയിംസ് ബോണ്ട്‌, തുടങ്ങി ഇതാ ബാറ്റ്മാന്‍ എന്ന കഥാപാത്രത്തിന്‍റെ Arch-Enemy യായ ജോക്കര്‍ എന്ന കഥാപാത്രം വരെ. ഇത്തരം എതിര്‍വശത്ത് നിന്നുള്ള വായനയുടെ ഒരു ക്ലാസിക് ആഖ്യാനമാണ് ഇതാ ഈയിടെ പുറത്തിറങ്ങിയ ജോക്കര്‍ എന്ന ചിത്രം. ഹീത്ത് ലെഡ്ജറുടെ വ്യാഖ്യാനം ആ കഥാപാത്രത്തിന്‍റെ വിവിധ ഉള്‍പ്പിരിവുകളിലേയ്ക്ക് എല്ലാത്തരം പ്രേക്ഷകരുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു. ആ പ്രതിനായകന്‍റെ സങ്കല്‍പത്തിന്‍റെ വേരുകളെക്കുറിച്ച് കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ലോകം നടത്തിയ ആലോചനകളുടെ വിസ്ഫോടനമാണ് ഈ ചിത്രം.

ആ ഫ്രാഞ്ചൈസിലുള്ള സിനിമകളുടെ ലോകത്ത് തന്നെയാണ് ഈ കഥയും നടക്കുന്നത് എങ്കിലും അവയുമായി തട്ടിച്ച് നോക്കുമ്പോള്‍ ആ ആഖ്യാനഘടനയല്ല ഈ സിനിമയുടേത്. അതിന് കാരണം ഇത് ഒരു കഥാപാത്രപഠനമാണ് എന്നതാണ്. ഒരു സിനിമാഫ്രാഞ്ചൈസിലുള്ള സിനിമ പ്രേക്ഷകര്‍ക്ക് ഓഫര്‍ ചെയ്യുന്നത് അവര്‍ക്ക് ചിരപരിചിതരായ എതിര്‍ശക്തികളുടെ പോരാട്ടവിജയപരാജയത്തിന്‍റെ പുതിയ രീതികളാണ് എങ്കില്‍ “ജോക്കര്‍” ഒരു കൊച്ചു സിനിമയാണ്. ഫീനിക്സ് അവതരിപ്പിക്കുന്ന കഥാപാത്രത്തില്‍ സൂക്ഷ്മമായി ശ്രദ്ധയൂന്നുന്നത് ഒഴിച്ചാല്‍ ചുരുക്കം കഥാപാത്രങ്ങള്‍, ബാക്കി പലര്‍ക്കും സ്ക്രീന്‍ ടൈം പോലും കുറവ്. ആ കുറവെല്ലാം പരാജിതനായ കോമേഡിയന്‍ കഥാപാത്രത്തില്‍ സിനിമ ചെലവഴിക്കുന്നു.

ഒരു വശത്ത് താന്‍ ഒറ്റയ്ക്കും മറുവശത്ത് ഈ ലോകം മുഴുവനും; താന്‍ ആരോട് എന്ത് ക്രൂരത പ്രവര്‍ത്തിച്ചാലും അത് ഈ ലോകത്തോടുള്ള എന്‍റെ പ്രതികാരമായിത്തീരും എന്ന മാനസികാവസ്ഥയില്‍ നിന്നാണ് എല്ലാ സൈക്കോപ്പതിക് കുറ്റവാളിയും പിറക്കുന്നത്. ജനിച്ച് വീഴുന്ന ഓരോ ജീവിയ്ക്കും അര്‍ഹതയുള്ള ചിലതെല്ലാമുണ്ട്. അതിന്‍റെ നഷ്ടവും വിടവും തിരിച്ചറിയാതെ ജീവിച്ചു മരിക്കുന്നവര്‍ ധാരാളം ഉണ്ടാകാം. എന്നാല്‍ അത് തിരിച്ചറിയുന്നവര്‍ക്ക് അവരുടെ ഏറ്റവും ഫലപ്രദമായ Mode of Expression വയലന്‍സ് ആണ് എന്നാണ് ഞാന്‍ കരുതുന്നത്. ജോക്കര്‍ എന്ന സിനിമ കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകരില്‍ ചിലരെങ്കിലും തന്‍റെ നഷ്ടവും വിടവും തിരിച്ചറിഞ്ഞെക്കാം. കുറ്റവും കുറവുകളും ഉള്ളവര്‍ക്കും ഇവിടെ ജീവിക്കണം എന്നും തോന്നാം. ഈ ചിത്രം, ജോക്കര്‍ എന്ന പാത്രസൃഷ്ടി ഒരു പകര്‍ച്ചവ്യാധിയാകുമോ എന്ന് ഒരു സിസ്റ്റം ഭയപ്പെടുന്നത് യാദൃശ്ചികമല്ല. സിനിമയില്‍ അങ്ങനെയാകുന്നത് കാണാം.

നായകന്‍ രൂപപ്പെടുന്നതിന്‍റെയും പ്രതിനായകന്‍ രൂപപ്പെടുന്നതിന്‍റെയും താരതമ്യമാണ് ആ സീരീസിനെ സംബന്ധിച്ചിടത്തോളം ഈ സിനിമ. ഹീത്ത് ലെഡ്ജറിന്‍റെ ലെഗസിയ്ക്ക് ഇളക്കം വരുത്താതെ തന്നെ ഫീനിക്സ് അദ്ദേഹത്തിന്‍റെ ഒപ്പം കയറി കസേരയിട്ട് ഇരിക്കുന്നു. അവര്‍ തമ്മിലുള്ള താരതമ്യം രണ്ടു വഴിയിലാണ്. കാരണം Dark Knight ഇരുശക്തികളും തമ്മിലുള്ള പോരാട്ട സിനിമയാണ് എങ്കില്‍ ഇത് ക്യാരക്ടര്‍ സ്റ്റഡിയാണ്. അത് കൊണ്ട് തന്നെ കൂടുതല്‍ “വ്യക്തി”യായിരിക്കുന്നത് ഫീനിക്സ് ആണ്. ലെഡ്ജറുടെ ജോക്കര്‍ അയാളുടെ പ്രവര്‍ത്തികളിലാണ്. തീര്‍ച്ചയായും ആര്‍തര്‍ എന്ന അരാജകത്വത്തിന്‍റെ പ്രവാചകന്‍ കൂട് തുറന്ന് വിട്ട അനേകം പിന്മുറക്കാരില്‍ ഒരുവനാകാം ലെഡ്ജറുടെ ജോക്കര്‍.

തെരുവില്‍ പരിഹസ്യനായി വീണു കിടക്കുന്ന കൊമാളിയില്‍ നിന്ന് പടവുകള്‍ക്ക് മേല്‍ നൃത്തം വയ്ക്കുന്ന കോമാളിയിലേയ്ക്ക് സിനിമ എത്തിച്ചേരുന്ന ആ സിഗ്നേച്ചര്‍ നിമിഷം നഷ്ടങ്ങളും വിടവുകളും ശേഷിക്കുന്ന ഓരോ മനുഷ്യജീവിയെയും പ്രകമ്പനം കൊള്ളിക്കും. ഈ ലോകം അവര്‍ക്ക് രക്തപ്പുഴ ഒഴുക്കാനുള്ളതാണ് എന്ന് ഒരു പക്ഷെ അവര്‍ ഓരോരുത്തരും കരുതിയേക്കാം. ജോക്കര്‍ മാരകമായ ഒരനുഭവമാണ്. Quite Deadly!

Leave a Comment